ശ്രുതിയുടെ കുറിപ്പ്
( കണ്ണൂർ ജില്ലയിൽ ആയുർവ്വേദ ഡോക്ടരായി ജോലിചെയ്യുന്ന ഡോ.ശ്രുതി ടി.പി. ഞങ്ങളുടെ പൂർവ്വവിദ്യാർത്ഥിയായിരുന്നു.)
രാവിലെ യെല്ലോ അലേർട്ടിന്റെ നല്ല മഴ....
എഴുന്നേൽക്കാൻ മടി..
"ഇന്ന് ലീവ് ആക്കിയാലോ "
"എന്തിനാ, രാവിലെതന്നെ പത്താം ക്ലാസ്സിൽ കയറാൻ അല്ലേ..
മര്യാദക്ക് എണീറ്റു പോകാൻ നോക്ക്.
ലീവ് ആക്കുന്നെങ്കിൽ ഇന്നലെ പറയണം. "
നേരത്തെ എഴുന്നേറ്റു പോയതിന്റെ വിഷമത്തിൽ ഒരാൾ..
രംഗം വഷളാകുന്നതിനു മുൻപ് ഞാനും എണീറ്റു.
ഇന്ന് വീട്ടിൽ ഇരുന്നാൽ ഇന്നലത്തെ ബാക്കി പത്താം ക്ലാസ്സ് പുരാണം കേൾക്കേണ്ടിവരും എന്ന് പേടിച്ചു ഓടിയത് ആവാനും സാധ്യത ഉണ്ട്...
കുറ്റം പറയാൻ പറ്റില്ല. രണ്ടു ദിവസത്തെ എന്റെ പെർഫോമൻസ് അത്പോലെ ആയിരുന്നു..
"ഇവിടെ എന്താ നടക്കുന്നത്, രാവിലെ തൊടങ്ങും ജപിക്കാൻ...
ലിഞ്ചു, ശാന്തി, ലബിഷ, പ്രിയങ്ക, നിഖിൽ, ബിൻസി ലാൽ, നികിതാസ്..... വേറാരും പത്താം ക്ലാസ്സിൽ പഠിച്ചിട്ടില്ലല്ലോ.
എന്റെ ക്ലാസ്സിലെ ഏതെങ്കിലും കുട്ടീനെ നിനക്കറിയോ "
"അച്ഛനും അമ്മേം എല്ലാം ചോദിച്ചല്ലോ ഇവരെയൊക്കെ പറ്റി... "
"ഇതുപോലെ തന്നെ ആയിരിക്കൂലേ പണ്ട് വീട്ടിലും . വായ പൂട്ടുലാലോ. "
ശാന്തി പറഞ്ഞ തമാശ ഓർത്തോർത്ത് ചിരിച്ച് ഉറക്കം വരാതെ കിടന്നപ്പോൾ
" നിനക്ക് വട്ടായോ "എന്ന് പതി.
ഓവർ ആക്കേണ്ട എന്ന് കുശുമ്പ്..
"നിങ്ങൾ ഒരു കൊല്ലമല്ലേ ഒരുമിച്ച് പഠിച്ചുള്ളൂ.. എന്നിട്ടും ഇത്ര അറ്റാച്മെന്റോ "
ഇതൊക്കെയും സത്യം മാത്രം. ജീവിതത്തിൽ ഇത്രയ്ക് excitement അടുത്തൊന്നും അനുഭവിച്ചിട്ടില്ല.
എല്ലാം തുടങ്ങിയത് വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് op യ്ക്ക് ശേഷം കുളികഴിഞ്ഞു 3മണിയുടെ വിശപ്പിൽ ചോറ് വാരി വിഴുങ്ങുമ്പോൾ അനീഷിന്റെ ഫോണിൽ ഒരു കാൾ.
മിർദാസിക്ക...
എന്തെങ്കിലും അത്യാവശ്യമില്ലാതെ വിളിക്കില്ലല്ലോ എന്ന് പറഞ്ഞു കാൾ എടുത്തു. നിത്യ, ശ്രുതിയുടെ നമ്പർ ചോദിച്ചു എന്ന് പറഞ്ഞു.
എന്റെ നമ്പർ എന്തിനാണ് ആവോ എന്ന് വിചാരിക്കുന്നത്തിന് ഇടയിൽ ഹക്കീംഇക്കയുടെ ഫോർമൽ മെസ്സേജ്. 'അനീഷേ, നിന്റെ വൈഫിന്റെ നമ്പർ അയച്ചു തരുമോ. '
ആരായിരിക്കും വിളിക്കാൻ പോകുന്നതെന്ന ആകാംക്ഷയിൽ പ്ലേറ്റ് കഴുകുമ്പോൾ കൃത്യമായി വിളി വന്നു. അല്പം കനത്തിൽ ഫോൺ എടുത്തപ്പോൾ
"ശ്രുതി, ഞാൻ നരിപ്പറ്റ സ്കൂളിലെ ബാലൻ മാഷ് ആണ്. "
ഞാൻ എന്താണ് തിരിച്ചു പറഞ്ഞത് എന്ന് ഓർമ്മയില്ല.
"എടൊ, ഓൺലൈൻ ക്ലാസ്സൊക്കെ തൊടങ്ങിയല്ലോ. മ്മളെ സ്കൂളിൽ ടി വി യൊന്നും ഇല്ലാത്ത കൊറച്ച് കുട്ടികൾ ഉണ്ടെടോ. ഇങ്ങളെ ക്ലാസ്സ് വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ. "
"പിന്നെന്താ മാഷേ ".ആകാശത്ത് നിന്നും ആയിരുന്നു ഞാൻ ഉറപ്പ് എടുത്ത് കൊടുത്തത്.
അകത്തു വന്നിരുന്ന് ആലോചിച്ചു. ഞാൻ ആരെ വിളിക്കാനാണ്. 40 കുട്ടികൾ ഉണ്ടായിരുന്ന 10 J ക്ലാസ്സ്. ഒരാളുടെയും നമ്പർ ഇല്ല. എവിടെ ആണെന്ന് അറിയില്ല.
പെട്ടെന്ന് തോന്നിയ ഐഡിയയിൽ fb messenger ൽ ബിൻസി ലാലിനു ഒരു സന്ദേശം അയച്ചു. നിന്റെ നമ്പർ തരുമോ.
ഉടൻ മറുപടി. വിളിക്കുന്നു. കാര്യം പറയുന്നു. Bins ഡബിൾ ok. നിഖിലിന്റെ നമ്പർ കിട്ടുന്നു. വിളിക്കുന്നു.
എനിക്ക് ജിജോയെ അറിയാം, ദിലീഷ്ണ്ട്, നവനീത് ഉണ്ട്, ഹനീഷ് ഗൾഫിൽ ഉണ്ട്, ലിൻജു വീട്ടിൽ ഉണ്ട്, പ്രിയങ്ക ബാംഗ്ലൂർ ഉണ്ട്, ഞാൻ കോഴിക്കോട് ഉണ്ട്.. എല്ലാം മ്മക്ക് ശരിയാക്കാം.
ഉടൻ വാട്സാപ്പ് ഗ്രൂപ്പ്.. .പത്താം ക്ലാസ്സ്.. ജൂലി പറഞ്ഞ പോലെ രണ്ടറ്റത്തും ഓരോ വെള്ള പൂവ്.
വെള്ളിയാഴ്ച രാത്രി 10 മണി. അംഗങ്ങൾ 10.
തപ്പോട് തപ്പ്. മുങ്ങിത്തപ്പൽ...
13, 14,....... ശനിയാഴ്ച 20 നോട് അടുത്തു.
"എത്ര ടി വി വേണം മാഷേ "
പത്ത് പന്ത്രണ്ടു കുട്ട്യേള് ഉണ്ടെടോ. ഇങ്ങക്ക് എല്ലാം കൂടി ആവ്വോ. ഒരു 7 എണ്ണം നോക്ക്.
പിന്നെ കാൽകുലേഷൻ... എവിടെ നിന്ന് വാങ്ങും, ആരു വാങ്ങും...
ഓൺലൈൻ വേണോ, ഏജൻസി വഴി വേണോ....
തിനിടയിൽ ഓരോ താടിക്കാർ വരുന്നു. ദിലീഷ്, ശരത് ലാൽ, നൗഫൽ, രാഗിത്, ജിജോ, ദിൽവേദ്, അനുഷ, ദീപ്തി, സുകന്യ, നീതി...
പുരുഷ കേസരികളെ മനസ്സിൽ ആകുന്നതേ ഇല്ല. പീക്കിരി പയ്യന്മാർ മുട്ടൻ മനുഷ്യർ ആയിരിക്കുന്നു. പെൺകുട്ടികൾ വലിയ മാറ്റം ഇല്ലാതെ....
പല ക്ലാസ്സിൽ കിടന്ന പുലികളെ ഒരുമിച്ചിട്ട കൂടായിരുന്നു ആർ. എൻ. എം. എച്. എസ് നരിപ്പറ്റ യിലെ 2001 SSLC ബാച്ച് - 10 J. പഠിപ്പൊട് പഠിപ്പ്.. മരണപഠിപ്പ്..... രാപകൽ ഞങ്ങൾക്കൊപ്പം ബാലൻ മാഷും. അതിനിടയിൽ ഒരു ക്ലാസ് ഫോട്ടോ എടുക്കാൻ പോലും മറന്നു.
നമ്മൾ എത്രപേരായിരുന്നു എന്ന ചോദ്യത്തിന്, 40 ഡിസ്റ്റിംക്ഷൻ എന്നത് ആയിരുന്നില്ലേ അന്നത്തെ സ്ലോഗൻ എന്ന് ഹനീഷിന്റെ മറുപടി.
ബാലകൃഷ്ണൻ മാഷ് പാത്തുമ്മയുടെ ആടിന്റെ സംവാദം നടത്തിയതും എല്ലാ ദിവസവും ക്ലാസ്സ് ടെസ്റ്റ് എഴുതി മരിച്ചതും സ്റ്റാഫ് റൂമിനു അടുത്തുള്ള 10 J യിൽ തന്നെ.
ബിന്സിലാലിനും എനിക്കും ബാലകൃഷ്ണൻ മാഷ് ബൈബിൾ തന്നിരുന്നു. ഒരു എഴുത്ത് മത്സരത്തിനു സമ്മാനമായി...
Could ഉം should ഉം would ഉം എങ്ങോട്ട് പോകണം എന്നറിയാതെ നട്ടം തിരിഞ്ഞതും, പലപ്പോഴും സഹികെട്ട് കോമ്പസ് കൊണ്ട് എന്നെ കുത്തിക്കൊല്ലു എന്ന് ബാലൻ മാഷ് സ്വയം ശിക്ഷയ്ക്ക് ഒരുങ്ങിയതും ഇവിടെ ആണ്.
അനിൽ മാഷിന്റെ കണക്കും ഹരിദാസ് മാഷിന്റെ ഫിസിക്സ്‌ഉം ജലജ ടീച്ചറുടെ കെമിസ്ട്രിയും സുധീഷ് മാഷിന്റെ ബയോളജിയും ആരും മറന്നിട്ടില്ല. വിപ്ലവ പരമ്പരകളുടെ ചരിത്രം സജീവൻ മാഷ് കഥപോലെ പറഞ്ഞു തീർത്തു.
നാസർ മാഷിനെ എങ്ങനെ മറക്കും. ഇന്ത്യ വരയ്ക്കാൻ അറിയാത്ത എനിയ്ക്ക് 25 തവണ വരയ്ക്കാൻ ഇമ്പോസിഷൻ കിട്ടി. അതിൽ മാഷ് നിഷ്കളങ്കനാണെന്നും മുൻ ബെഞ്ചിൽ ഇരുന്ന ഒരു കരിങ്കാലിയാണ് അതിനു പിന്നിലെന്നും ഞാൻ അറിഞ്ഞത് 25 തവണ ബട്ടർ പേപ്പർ വെച്ച് ഇന്ത്യ പകർത്തിയ ശേഷം ആണ്. കൂട്ടത്തിലെ പോലീസ് കാരൻ ജിജോയെ ഓട്ടോഗ്രാഫ് കേസിനു ഒപ്പം ഇതും എനിക്ക് ഏല്പിക്കാൻ ഉണ്ട്.
ഖത്തർൽ നിന്ന് ശാന്തി വിളിച്ചു. ഇവിടെ എല്ലാരും ഉറങ്ങിട്ടോ നാളെ വരാം എന്ന് ആസ്‌ട്രേലിയയിൽ നിന്ന് ദീപ്തി. ലിഞ്ജു ഇപ്പൊ വിളിച്ചതെ ഉള്ളൂ.....
അങ്ങനെ ഏതാനും പേരൊഴികെ ഞങ്ങൾ 40 പേരൊന്നിച്ചു. ബിന്സിലാൽ കോഴിക്കോട് മുതൽ പേരാമ്പ്ര - കുറ്റിയാടി -കക്കട്ടിൽ - കല്ലാച്ചി -തണ്ണീർപ്പന്തൽ - ആയഞ്ചേരി വഴി ജിജോയ്ക്കൊപ്പം ഓടിത്തളർന്ന് വഴിയിൽ പൊട്ടി വീണ മരങ്ങൾ ഒക്കെ വകഞ്ഞു മാറ്റി ഇന്നലെ 5 മണിയോടെ സ്കൂളിൽ ടി വി എത്തിച്ചു. ബാലൻ മാഷിനും സുമ ടീച്ചർക്കും കൈമാറി.
സത്യമായും സർവ്വവും ശൂന്യത്തിൽ നിന്ന് ഉണ്ടാകുന്നു എന്നത് സത്യം ആണെന്ന് ബോധ്യപ്പെട്ടു. എല്ലാവരും ദൃശ്യമായും അദൃശ്യമായും കൈകോർത്തു...
അറ്റന്റൻസ് രജിസ്റ്റർ എടുത്ത് സ്റാറ്റിസ്റ്റിക്കലി വികസിപ്പിച്ച ഹനീഷ്....
എണ്ണക്കമ്പനിയുടെ കണക്കു പോലെ ബാർ ഡയഗ്രവും പൈചാർട്ടും കൊണ്ട് ഫണ്ട് കളക്ഷന്റേയും കൈവേലി മുതൽ നരിപ്പറ്റ, അരൂർ ഉൾപ്പെടുന്ന ആൾക്കാരുടെ ഏരിയ ഡിസ്ട്രിബൂഷന്റേയും അപ്ഡേഷൻ നൽകിക്കൊണ്ടിരുന്നു..
ബാലൻ മാഷും സുമ ടീച്ചറും വിളിക്കുമ്പോൾ നന്ദി പറയാൻ ഞങ്ങൾക്ക് വാക്കുകൾ ഇല്ല. ഒരു കടമ നിർവഹിക്കാൻ ഞങ്ങളെ തെരഞ്ഞെടുത്തതിന്.. കുറച്ചു പേരുടെയെങ്കിലും പുഞ്ചിരിക്ക് കാരണക്കാരാകാൻ ഞങ്ങൾക്ക് അവസരം നൽകിയതിന്....
ഇനിയും കുറച്ചു പണികൾ ബാക്കിയുണ്ട്. കേബിൾ കണക്ഷൻ ആവശ്യമെങ്കിൽ ശരിയാക്കണം.
വരാന്തപ്പതിപ്പിൽ വീരേന്ദ്ര കുമാറിന്റെ വാക്കുകൾ മകൻ ഉദ്ധരിച്ച പോലെ ---മനുഷ്യനെ മനസ്സിലാക്കാനും സമൂഹത്തിനു ഗുണകരം ആയത് ചെയ്യാനും സഹായിക്കുന്ന അറിവും മനസ്സും ഞങ്ങൾക്ക് നൽകിയ എല്ലാ ഗുരുക്കന്മാർക്കും പ്രണാമം.