ഞങ്ങളുടെ പഴയ വിദ്യാര്‍ത്ഥിനി, ഡോ.ശ്രുതി, ഒരു സ്കൂളനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചതാണിത്.അവിടെനിന്ന് ഞങ്ങളിത് പുനത്തിൽ ടൈംസിൽ പങ്കുവെക്കുന്നു.
Sruthi Thazhikapurath is with Pushpa Valiyaputhoor.
ഹൈസ്കൂള്‍ക്കാലം
എട്ടാം ക്ലാസ്സിലെ അവസാന ദിവസമായിരുന്നു. അവസാന പീരിയഡും...
ആരും ക്ലാസ്സിലേക്ക് വരാത്തതുകൊണ്ട് ഞങ്ങൾ നാല്പത് പേരും കൂടി വായിലിരിക്കുന്ന കുട്ടിപ്പിശാചുക്കളെ തുറന്നുവിട്ട് ക്ലാസ്സ് ബഹളമയമാക്കിയ ദിവസം...
8L ന്റെ അയൽക്കാർ 9J ആയിരുന്നു എന്നാണ് ഓർമ്മ. അവിടെ പുഷ്പ ടീച്ചറുടെ ക്ലാസ്സ് ആണ്. നന്നായി പഠിപ്പിക്കുകയും എന്റെ പോസ്റ്റിന് ലൈക്കും കമന്റും ഒക്കെ ഇടുകയും ചെയ്യുമെങ്കിലും ടീച്ചർ വലിയ ദേഷ്യക്കാരി ആയിരുന്നു എന്നാണ് എന്റെ ഒരു ഇത്... അന്ന് ബാലകൃഷ്ണൻ മാഷ് Balakrishnan Mokeri ഉൾപ്പെടെ എല്ലാവരും ഒരു ചൂരലും കൊണ്ടാണ് ക്ലാസ്സിലേക്ക് വന്നിരുന്നത് എന്നാണ് ഓർമ്മ..
പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാൽ ക്ലാസ്സിലെ പിള്ളേർക്ക് എല്ലാം ഒരു ആഗ്രഹം..
പിറ്റേന്ന് SSLC പരീക്ഷ തുടങ്ങുകയാണ്. ഞങ്ങൾ ചിമിട്ടുകൾക്കെല്ലാം അന്ന് ക്ലാസ്സ് കഴിയുകയാണ്. അപ്പൊ പരീക്ഷ എഴുതാൻ ക്ലാസ്സിൽ ഇരിക്കാൻ വരുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും ഒരു 'all the best ' ബോർഡിൽ എഴുതിയിടണം. ഡ്യൂട്ടി ക്ലാസ്സ് ലീഡർ ആയ എന്നെ എല്ലാവരും കൂടി ഏകകണ്ഠമായി ഏൽപ്പിച്ചു. ഞാൻ അഹങ്കാരത്തോടെയും അധികാരത്തോടെയും ആ ഉദ്യമം ഏറ്റെടുത്തു. മുൻ ബെഞ്ചിൽ ഇരുന്ന ആരോ ഒരാൾ ചോക്ക് സംഭാവന ചെയ്തു.. കാര്യങ്ങൾ അതുവരെ ഉഷാർ...
ഞാൻ മുന്നോട്ട് നീങ്ങുന്നു..
ഒരു ക്ലാസ്സ് നിറയെ കുട്ടികളെ സാക്ഷിയാക്കി ബോർഡിൽ എഴുതാൻ കിട്ടുന്ന അവസരമല്ലേ.. എന്തിന് പാഴാക്കണം..
ഒട്ടും കുറച്ചില്ല. വലിയ അക്ഷരത്തിൽ തന്നെ ബോർഡ് നിറയുന്ന വലിപ്പത്തിൽ ഒരു all the best എഴുതി...
എല്ലാവരും ഉറക്കെ കയ്യടിച്ചു...
ഇനിയാണ് സംഭവബഹുലമായ നിമിഷങ്ങൾ...
സംഹാര രുദ്രയായി പുഷ്പടീച്ചർ പ്രവേശിക്കുന്നു.
"എന്താ ഇവിടെ നടക്കുന്നത്??"
കണക്കിന് (ടീച്ചറുടെ വിഷയം ഫിസിക്സ് ആണെങ്കിലും ) വഴക്കു പറയുന്നു.
"ആരൊക്കെയാണ് ഒച്ചയുണ്ടാക്കിയത്..."
ചോദ്യം എന്നോടാണ്. മുന്നിൽ മേശയ്ക്കരികിൽ കാവലിരുന്ന് ഓരോ ചുണ്ടനക്കങ്ങളും പിടിച്ചെടുത്ത് പേരെഴുതി വയ്ക്കുന്ന കലാപരിപാടിയുടെ ചാർജ്ജ് എനിക്കാണല്ലോ..
അന്നേ ഒരു 'ജനാധിപത്യ വിശ്വാസിയും നയതന്ത്ര തത്പരയുമായ ' ഞാൻ മൗനം അവലംബിച്ചു. പേരെഴുതി വയ്ക്കാത്ത ഇതേ പ്രക്രിയയ്ക് 8L ൽ ഇരുന്ന എന്നെ
9 J യിലെ പൊതുജന മധ്യത്തിൽ കൊണ്ടുപോയി ചൂരൽച്ചായ (പാവം പതിവ് കഷായത്തെ ഒഴിവാക്കാം. ഒന്നുമില്ലെങ്കിലും ഞാനൊരു ആയുർവേദക്കാരിയല്ലേ ) തന്നതാണ്.
എന്റെ പ്രജകളെ ഒറ്റിക്കൊടുക്കില്ലെന്ന വാശിയിൽ വീണ്ടും ഞാൻ മൗനം ദീക്ഷിച്ചു. അപ്പോഴാണ് ടീച്ചർ ബോർഡിലേക്ക് നോക്കുന്നത്.
"ആരാണ് ഇത് എഴുതിയിട്ടത്... "
പെട്ടു എന്ന് പറഞ്ഞാൽ പോരാ.. അമ്മാതിരി പെടൽ...
വീണ്ടും നിശ്ശബ്ദത. IPC, CrPC കൾ പ്രകാരമുള്ള ഒരു ക്രിമിനൽ കുറ്റമാണ് ബാഹ്യ പ്രേരണയിൽ ഞാൻ ചെയ്തത് എന്ന ബോധ്യം അപ്പോഴാണ് എനിക്ക് ഉദിക്കുന്നത്. പക്ഷെ കുറ്റസമ്മതം നടത്താൻ സാധിക്കില്ല. കാരണം നമ്മൾ ഇതുവരെ നല്ലകുട്ടി പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ആൾക്കാർ ആണല്ലോ. നല്ല കുട്ടികൾ ജീവിതത്തിൽ ഒരിക്കലും പല കാര്യങ്ങളും ചെയ്യാൻ പാടില്ല.
"നീ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല കേട്ടോ "
എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ തീർന്നില്ലേ ജീവിതം..
(ഇപ്പോഴത്തെ അത്ര തല്ലുകൊള്ളിത്തരം അന്ന് കയ്യിലില്ലാതിരുന്നത് കൊണ്ട് വന്ന നല്ല നടപ്പ് ശ്രമങ്ങൾ ആണ് കേട്ടോ. ഒന്നും വിചാരിക്കരുത്.. )
വീണ്ടും അവസാനിക്കാത്ത നിശ്ശബ്ദത.. ആരും ഒന്നും മിണ്ടുന്നില്ല...
ഒരു അനക്കവും ഇല്ല...
"ഞാനാ അത് എഴുതിയത് ടീച്ചറേ.. "
ആൺനിരയിൽ മൂന്നാമത്തെ ബെഞ്ചിൽ നാലാമത്തെ ആൾ നിജേഷ് എഴുന്നേറ്റ് കൈപൊക്കുന്നു..
സേതുരാമയ്യർ cbi ഓമന കൊലക്കേസ് തെളിയിച്ചതിലും സന്തോഷത്തോടെ പുഷ്പ ടീച്ചർ കരുതിവെച്ച സമ്മാനം അവന് നൽകുന്നു..
ഞാൻ തകർന്ന് തരിപ്പണമാകുന്നു....
എന്തെങ്കിലും ചിന്തിക്കാൻ ഇടകിട്ടും മുൻപേ ലോങ് ബെല്ലും പിന്നാലെ ജനഗണമനയും വന്നു..
പിന്നെ ഒരു കൊല്ലത്തിന്റെ പ്രാരാരാ.. തീർന്ന സമാധാനത്തിലെ ഓട്ടം...
പിറ്റേ വർഷം ഒൻപതാം ക്ലാസ്സിൽ നിജേഷ് വന്നില്ല...
അവന്റെ ചേച്ചി അപ്പോഴേക്കും പത്താം ക്ലാസ്സ് കഴിഞ്ഞിരുന്നു..
'ഇനി ഓൻ ബെരൂല. ഓൻ പണിക്ക് പോയിത്തൊടങ്ങി. കക്കട്ടിലെ ഒര് സ്വർണപ്പീട്യേല്. ഓന്റെ അച്ഛൻ മരിച്ച് പോയതാ.. അമ്മേം ഏച്ചീമ്മാത്രെ ഓന്ള്ളൂ.. "
നിജേഷിനെക്കുറിച്ച് അന്വേഷിച്ച എന്നോട് രമേശനും സുനിലും പറഞ്ഞു...
കൈവേലി റോഡിലേക്ക് തിരിയുന്ന ഇടത്ത്, സ്വർണ്ണക്കടയിൽ ഒരു വലിയ പാത്രത്തിൽ ഉമിത്തീ, നീണ്ട കുഴലിലൂടെ ഊതിക്കൊണ്ടിരിക്കുന്ന അവനെ പിന്നീടുള്ള യാത്രകളിൽ ഞങ്ങൾ കണ്ടു. ചിലപ്പോൾ തലപൊക്കി നോക്കുന്നത് കാണാം. ഞങ്ങളെ അവൻ കണ്ടിരുന്നോ എന്നറിയില്ല...
ഒരു വലിയ അപകട സന്ധിയിൽ, ഇത്രത്തോളം എന്നെ രക്ഷിച്ച ഒരു സഹായം ജീവിതത്തിൽ മറ്റേതെങ്കിലും നിമിഷത്തിൽ ലഭിച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്..
ഒരിക്കലും നേരിട്ട് പറയാൻ കഴിയാത്ത നന്ദി ഇപ്പോൾ പറയട്ടെ...
അന്നത്തെ രണ്ടടി ഇനി കാണുമ്പോൾ പുഷ്പ ടീച്ചർ തന്നേക്കുമോ എന്ന് ഇപ്പോഴും പേടി ഇല്ലാതില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ