2023 ഫെബ്രുവരി 17, വെള്ളിയാഴ്‌ച

2023 ഫെബ്രുവരി 12, ഞായറാഴ്‌ച

ഞങ്ങളുടെ പഴയ വിദ്യാര്‍ത്ഥിനി, ഡോ.ശ്രുതി, ഒരു സ്കൂളനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചതാണിത്.അവിടെനിന്ന് ഞങ്ങളിത് പുനത്തിൽ ടൈംസിൽ പങ്കുവെക്കുന്നു.

Sruthi Thazhikapurath is with Pushpa Valiyaputhoor.

ഹൈസ്കൂള്‍ക്കാലം

 
എട്ടാം ക്ലാസ്സിലെ അവസാന ദിവസമായിരുന്നു. അവസാന പീരിയഡും...
ആരും ക്ലാസ്സിലേക്ക് വരാത്തതുകൊണ്ട് ഞങ്ങൾ നാല്പത് പേരും കൂടി വായിലിരിക്കുന്ന കുട്ടിപ്പിശാചുക്കളെ തുറന്നുവിട്ട് ക്ലാസ്സ്‌ ബഹളമയമാക്കിയ ദിവസം...
8L ന്റെ അയൽക്കാർ 9J ആയിരുന്നു എന്നാണ് ഓർമ്മ. അവിടെ പുഷ്പ ടീച്ചറുടെ ക്ലാസ്സ്‌ ആണ്. നന്നായി പഠിപ്പിക്കുകയും എന്റെ പോസ്റ്റിന് ലൈക്കും കമന്റും ഒക്കെ ഇടുകയും ചെയ്യുമെങ്കിലും ടീച്ചർ വലിയ ദേഷ്യക്കാരി ആയിരുന്നു എന്നാണ് എന്റെ ഒരു ഇത്... 😄 അന്ന് ബാലകൃഷ്ണൻ മാഷ് Balakrishnan Mokeri ഉൾപ്പെടെ എല്ലാവരും ഒരു ചൂരലും കൊണ്ടാണ് ക്ലാസ്സിലേക്ക് വന്നിരുന്നത് എന്നാണ് ഓർമ്മ..
പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാൽ ക്ലാസ്സിലെ പിള്ളേർക്ക് എല്ലാം ഒരു ആഗ്രഹം..
പിറ്റേന്ന് SSLC പരീക്ഷ തുടങ്ങുകയാണ്. ഞങ്ങൾ ചിമിട്ടുകൾക്കെല്ലാം അന്ന് ക്ലാസ്സ്‌ കഴിയുകയാണ്. അപ്പൊ പരീക്ഷ എഴുതാൻ ക്ലാസ്സിൽ ഇരിക്കാൻ വരുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും ഒരു 'all the best ' ബോർഡിൽ എഴുതിയിടണം. ഡ്യൂട്ടി ക്ലാസ്സ്‌ ലീഡർ ആയ എന്നെ എല്ലാവരും കൂടി ഏകകണ്ഠമായി ഏൽപ്പിച്ചു. ഞാൻ അഹങ്കാരത്തോടെയും അധികാരത്തോടെയും ആ ഉദ്യമം ഏറ്റെടുത്തു. മുൻ ബെഞ്ചിൽ ഇരുന്ന ആരോ ഒരാൾ ചോക്ക് സംഭാവന ചെയ്തു.. കാര്യങ്ങൾ അതുവരെ ഉഷാർ...
ഞാൻ മുന്നോട്ട് നീങ്ങുന്നു..
ഒരു ക്ലാസ്സ്‌ നിറയെ കുട്ടികളെ സാക്ഷിയാക്കി ബോർഡിൽ എഴുതാൻ കിട്ടുന്ന അവസരമല്ലേ.. എന്തിന് പാഴാക്കണം..
ഒട്ടും കുറച്ചില്ല. വലിയ അക്ഷരത്തിൽ തന്നെ ബോർഡ്‌ നിറയുന്ന വലിപ്പത്തിൽ ഒരു all the best എഴുതി...
എല്ലാവരും ഉറക്കെ കയ്യടിച്ചു...
ഇനിയാണ് സംഭവബഹുലമായ നിമിഷങ്ങൾ...
സംഹാര രുദ്രയായി പുഷ്പടീച്ചർ പ്രവേശിക്കുന്നു.
"എന്താ ഇവിടെ നടക്കുന്നത്??"
കണക്കിന് (ടീച്ചറുടെ വിഷയം ഫിസിക്സ്‌ ആണെങ്കിലും ) വഴക്കു പറയുന്നു.
"ആരൊക്കെയാണ് ഒച്ചയുണ്ടാക്കിയത്..."
ചോദ്യം എന്നോടാണ്. മുന്നിൽ മേശയ്ക്കരികിൽ കാവലിരുന്ന് ഓരോ ചുണ്ടനക്കങ്ങളും പിടിച്ചെടുത്ത് പേരെഴുതി വയ്ക്കുന്ന കലാപരിപാടിയുടെ ചാർജ്ജ് എനിക്കാണല്ലോ..
അന്നേ ഒരു 'ജനാധിപത്യ വിശ്വാസിയും നയതന്ത്ര തത്പരയുമായ ' ഞാൻ മൗനം അവലംബിച്ചു. പേരെഴുതി വയ്ക്കാത്ത ഇതേ പ്രക്രിയയ്ക് 8L ൽ ഇരുന്ന എന്നെ
9 J യിലെ പൊതുജന മധ്യത്തിൽ കൊണ്ടുപോയി ചൂരൽച്ചായ (പാവം പതിവ് കഷായത്തെ ഒഴിവാക്കാം. ഒന്നുമില്ലെങ്കിലും ഞാനൊരു ആയുർവേദക്കാരിയല്ലേ 😂😂) തന്നതാണ്.
എന്റെ പ്രജകളെ ഒറ്റിക്കൊടുക്കില്ലെന്ന വാശിയിൽ വീണ്ടും ഞാൻ മൗനം ദീക്ഷിച്ചു. അപ്പോഴാണ് ടീച്ചർ ബോർഡിലേക്ക് നോക്കുന്നത്.
"ആരാണ് ഇത് എഴുതിയിട്ടത്... "
പെട്ടു എന്ന് പറഞ്ഞാൽ പോരാ.. അമ്മാതിരി പെടൽ...
വീണ്ടും നിശ്ശബ്ദത. IPC, CrPC കൾ പ്രകാരമുള്ള ഒരു ക്രിമിനൽ കുറ്റമാണ് ബാഹ്യ പ്രേരണയിൽ ഞാൻ ചെയ്തത് എന്ന ബോധ്യം അപ്പോഴാണ് എനിക്ക് ഉദിക്കുന്നത്. പക്ഷെ കുറ്റസമ്മതം നടത്താൻ സാധിക്കില്ല. കാരണം നമ്മൾ ഇതുവരെ നല്ലകുട്ടി പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ആൾക്കാർ ആണല്ലോ. നല്ല കുട്ടികൾ ജീവിതത്തിൽ ഒരിക്കലും പല കാര്യങ്ങളും ചെയ്യാൻ പാടില്ല.
"നീ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല കേട്ടോ "
എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ തീർന്നില്ലേ ജീവിതം..
(ഇപ്പോഴത്തെ അത്ര തല്ലുകൊള്ളിത്തരം അന്ന് കയ്യിലില്ലാതിരുന്നത് കൊണ്ട് വന്ന നല്ല നടപ്പ് ശ്രമങ്ങൾ ആണ് കേട്ടോ. ഒന്നും വിചാരിക്കരുത്.. )
വീണ്ടും അവസാനിക്കാത്ത നിശ്ശബ്ദത.. ആരും ഒന്നും മിണ്ടുന്നില്ല...
ഒരു അനക്കവും ഇല്ല...
"ഞാനാ അത്‌ എഴുതിയത് ടീച്ചറേ.. "
ആൺനിരയിൽ മൂന്നാമത്തെ ബെഞ്ചിൽ നാലാമത്തെ ആൾ നിജേഷ് എഴുന്നേറ്റ് കൈപൊക്കുന്നു..
സേതുരാമയ്യർ cbi ഓമന കൊലക്കേസ് തെളിയിച്ചതിലും സന്തോഷത്തോടെ പുഷ്പ ടീച്ചർ കരുതിവെച്ച സമ്മാനം അവന് നൽകുന്നു..
ഞാൻ തകർന്ന് തരിപ്പണമാകുന്നു....
എന്തെങ്കിലും ചിന്തിക്കാൻ ഇടകിട്ടും മുൻപേ ലോങ് ബെല്ലും പിന്നാലെ ജനഗണമനയും വന്നു..
പിന്നെ ഒരു കൊല്ലത്തിന്റെ പ്രാരാരാ.. തീർന്ന സമാധാനത്തിലെ ഓട്ടം...
പിറ്റേ വർഷം ഒൻപതാം ക്ലാസ്സിൽ നിജേഷ് വന്നില്ല...
അവന്റെ ചേച്ചി അപ്പോഴേക്കും പത്താം ക്ലാസ്സ്‌ കഴിഞ്ഞിരുന്നു..
'ഇനി ഓൻ ബെരൂല. ഓൻ പണിക്ക് പോയിത്തൊടങ്ങി. കക്കട്ടിലെ ഒര് സ്വർണപ്പീട്യേല്. ഓന്റെ അച്ഛൻ മരിച്ച് പോയതാ.. അമ്മേം ഏച്ചീമ്മാത്രെ ഓന്ള്ളൂ.. "
നിജേഷിനെക്കുറിച്ച് അന്വേഷിച്ച എന്നോട് രമേശനും സുനിലും പറഞ്ഞു...
കൈവേലി റോഡിലേക്ക് തിരിയുന്ന ഇടത്ത്, സ്വർണ്ണക്കടയിൽ ഒരു വലിയ പാത്രത്തിൽ ഉമിത്തീ, നീണ്ട കുഴലിലൂടെ ഊതിക്കൊണ്ടിരിക്കുന്ന അവനെ പിന്നീടുള്ള യാത്രകളിൽ ഞങ്ങൾ കണ്ടു. ചിലപ്പോൾ തലപൊക്കി നോക്കുന്നത് കാണാം. ഞങ്ങളെ അവൻ കണ്ടിരുന്നോ എന്നറിയില്ല...
ഒരു വലിയ അപകട സന്ധിയിൽ, ഇത്രത്തോളം എന്നെ രക്ഷിച്ച ഒരു സഹായം ജീവിതത്തിൽ മറ്റേതെങ്കിലും നിമിഷത്തിൽ ലഭിച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്..
ഒരിക്കലും നേരിട്ട് പറയാൻ കഴിയാത്ത നന്ദി ഇപ്പോൾ പറയട്ടെ...
അന്നത്തെ രണ്ടടി ഇനി കാണുമ്പോൾ പുഷ്പ ടീച്ചർ തന്നേക്കുമോ എന്ന് ഇപ്പോഴും പേടി ഇല്ലാതില്ല. 😄

 

2022 ഓഗസ്റ്റ് 6, ശനിയാഴ്‌ച


 പ്രിയ സുഹൃത്ത് സി.കെ.കാസിം മാസ്റ്റര്‍ക്ക് അവാര്‍ഡ്.

അദ്ദേഹത്തിന് പുനത്തിൽടൈംസിന്റെ ഹൃദയംനിറഞ്ഞ ആശംസകള്‍!

2022 മാർച്ച് 28, തിങ്കളാഴ്‌ച


 വേദനയോടെ,വിട..............................

2022 ജനുവരി 13, വ്യാഴാഴ്‌ച


 KNMHSS ന് ഹരിത ജ്യോതി പുരസ്കാരം

2021 ഡിസംബർ 24, വെള്ളിയാഴ്‌ച

കവി സുഗതകുമാരി അനുസ്മരണം



2021 ഒക്‌ടോബർ 24, ഞായറാഴ്‌ച

 പുതിയ പി.ടി.എ പ്രസിഡണ്ടായ ശ്രീ.പ്രേമൻ തണൽ എഴുതിയ

 ഒരു കവിത,

 അദ്ദേഹത്തിന്റെ എഫ്.ബി.പേജിൽനിന്ന് 

ഞങ്ങളിവിടെ പകര്‍ത്തുന്നു


 

 പുതിയ പി.ടി.എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട,

 ശ്രീ.പ്രേമൻ തണൽ.

അദ്ദേഹം നമ്മുടെ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു.

 മനോഹരവും ചിന്തോദ്ദീപകവുമായ കവിതകളെഴുതുന്ന ശ്രീ പ്രേമൻ

 തന്റെ സര്‍ഗ്ഗാത്മകമായ നേതൃത്വത്തിലൂടെ 

സ്കൂളിനൊരു തണലായിമാറുമെന്ന് 

ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ശ്രീ.പ്രേമന് ,പുനത്തിൽ ടൈംസിന്റെ ഭാവുകങ്ങള്‍!




2021 സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

 


സ്റ്റുഡന്റ് പോലീസ്  കേഡറ്റ്-ഞങ്ങള്ക്കും



2021 ഓഗസ്റ്റ് 29, ഞായറാഴ്‌ച

2021 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

"ഞങ്ങള്‍ക്ക് പ്രവൃത്തിപഠനക്ലബ്ബ് വെറുമൊരു ചടങ്ങല്ല "
*കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി* 
 നരിപ്പറ്റ:
 നരിപ്പറ്റ ആർ എൻ എം ഹയർ സെക്കന്ററി സ്കൂൾ
 പ്രവൃത്തി പഠന ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച
 കോവിഡ് പ്രതിരോധ സാമഗ്രികൾ 
 നരിപ്പറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൈമാറി. 
ക്ലബ്ബിലെ, എട്ടാം തരത്തിൽ പഠിക്കുന്ന അംഗങ്ങളാണ് 
 സാമഗ്രികൾ നിർമിച്ചത്. 
 അഞ്ച് ലിറ്റർ ഹാൻഡ് വാഷും 
 ആയിരത്തോളം ടാബ്‌ലറ്റ് കവറുകളുമാണ് വിദ്യാർത്ഥികൾ നിർമിച്ചുനൽകിയത്. 
 19/08/2021 ബുധനാഴ്ച പ്രാഥമികാരോഗ്യകേന്ദ്രത്തിലെ
 ഡോക്ടർ ഇസ്മായിൽ പുളിയംവീട്ടിൽ 
സാമഗ്രികൾ എറ്റുവാങ്ങി. 
 സ്കൂളിന്റെ ഈ ഉദ്യമം തികച്ചും മാതൃകപരമാണെന്ന് 
സാമഗ്രികൾ ഏറ്റുവാങ്ങിക്കൊണ്ട് ഡോ. ഇസ്മായിൽ പറഞ്ഞു.
 സ്കൂളിലെ പ്രവൃത്തി പരിചയ അധ്യാപികയായ സിന്ധുട്ടീച്ചർ,
 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി എൻ കെ,
 പി എച്ച് സി യിലെ ഫാർമസിസ്റ്റ് അശോകൻ 
 വിദ്യാർത്ഥികളായ ഋതുവർണ്ണ, അരുണിമ മനോജ്‌, 
 ശിവാനി അനീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 
 ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ 
കുട്ടികള്‍ കൂൺകൃഷിനടത്തിയതും 
 സമൃദ്ധമായ വിളവെടുപ്പുനടത്തിയതും 
 നേരത്തെ വാര്‍ത്തയായിരുന്നു. 
കോവിഡിന്റെ വ്യാപനകാലത്തും അവര്‍ 
 തെരഞ്ഞെടുത്ത പെൺകുട്ടികളുടെ വീടുകളിലെത്തി കൂൺകൃഷിപരിശീലിപ്പിക്കുകയായിരുന്നു.



R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT